Skip to main content

ജീവിതത്തിലെ നട്ടുച്ചകൾ

സമയം ഏതാണ്ട് ഉച്ചയോടടുത്തപ്പോഴേ വയറു വിശന്നു തുടങ്ങിയതാണ്.  വെള്ളം കുടിച്ചു പിടിച്ചു നിർത്തി ഒരു മണിയാക്കി. മുന്നിൽ ഇരിക്കുന്ന രണ്ട് പേരെ കൂടി വിട്ടു ഉണ്ണാൻ പോവാം എന്ന് കരുതിയിരുന്നപ്പോഴാണ് ആ വൃദ്ധൻ കടന്നു വന്നത്. വെയിലത്ത് നടന്നു വന്നതിന്റെ ക്ഷീണം മുഖത്ത് കാണാനുണ്ട്. 
"എന്തേ? "
" മോളെ ATM ന്റെ പിൻ നമ്പർ ശരിയാക്കണം.  മൊബൈൽ നമ്പർ മാറ്റണംന്നാ പറയണെ. പഴയതിന്റെ കാലാവധി തീര്‍ന്നു. "
" മൊബൈൽ നമ്പർ മാറ്റിയാൽ നാളെക്കേ ശരിയാവൂട്ടോ. "
" എങ്ങനെലും ഇന്ന് വേണം മോളെ.. ഒരാസ്പത്രി കേസാ"
കാര്യം എളുപ്പം സാധിക്കാൻ എല്ലാവരും സ്ഥിരമായി പറയാറുള്ള ആസ്പത്രി കേസാണെന്ന് തോന്നിയില്ല.. അവശതയുണ്ട് മുഖത്ത്.
"എനിക്ക് ഒരു അപേക്ഷ എഴുതി തരുവോ. ഇവിടുന്നു പിൻ നമ്പർ തരാൻ "

എന്റെ കയ്യിൽ നിന്ന് അപേക്ഷ എഴുതാൻ പേപ്പറും വാങ്ങി പതുക്കെ നടന്നു നീങ്ങി..
മുന്നിലെ ഒരാൾ മാറിയപ്പോഴെക്ക് അദ്ദേഹം വന്നിരുന്നു. രണ്ടാമത്തെ ആളും പോയി കഴിഞ്ഞപ്പോഴെക്ക് എന്റെ മുന്നിലെക്ക് നീട്ടി വച്ച അപേക്ഷ നോക്കി.. വിറയാർന്ന കൈ കൊണ്ട് ഇംഗ്ലീഷിൽ നല്ല വൃത്തിയായി എഴുതിയിരിക്കുന്നു.
"ആരാ ആസ്പത്രീല്? "
" ഭാര്യ.. Kidney failure ആണ്.. "
എവിടെയാ?
" Aster medicity ല് " ഒന്ന് നെടുവീര്‍പ്പിട്ടു കൊണ്ട് തുടര്‍ന്നു" ഞാനൊരു പട്ടാളക്കാരനായിരുന്നു മോളെ.. അതോണ്ട് ചികിത്സ അങ്ങനെ പോകുന്നു. ആൾക്ക് പ്രായം ഉണ്ടേ.. അതോണ്ട് വേറൊന്നും ചെയ്യാൻ പറ്റില്ല.. ആഴ്ചേല് രണ്ടൂസം പോയി രക്തോക്കെ മാറ്റി വരുവാ. "
" മക്കളുണ്ടോ കൂടെ"
"എനിക്ക് രണ്ട് പേരാ.. മോൻ MBA കാരനാ.. അവന് തിരന്തോരത്ത് വീടൊക്കെയുണ്ട്.. മോൾടെ കെട്ടിയോന് ഒരു ചീത്തവനാ.. കഞ്ചാവും കേസുമൊക്കയാണ്.. സഹിച്ചു സഹിച്ച് എന്റെ മോളിപോ എറണാകുളത്ത് ഒരു മാനസിക രോഗ കേന്ദ്രത്തിലാ. "
നേരിട്ട പരീക്ഷണങ്ങളുടെ പാരമ്യതയോ ഒരു പട്ടാളക്കാരന്റെ ചങ്കുറപ്പോ.. ചുണ്ടുകൾ വിറച്ചു ഇത് പറയുമ്പോഴും ആ കണ്ണുകൾ നിറഞ്ഞിട്ടില്ല.
" ഈ  തരുന്ന പിന് നമ്പർ ഒന്ന് മാറ്റണട്ടോ.. തനിയേ ചെയ്യോ "
" ഒന്നു സഹായിച്ചിൽ ഉപകാരമായിരുന്നു. "
Atm ലേക്ക് നടക്കുന്ന വഴി എന്തോ കണ്ണ് നിറഞ്ഞു..
" മോൾക്ക് കുട്ടികൾ... "
" ഉം.. രണ്ടു പേരുണ്ട്.. അവരെ മോന്റെ കെയറോഫിൽ ഒരു അനാഥാലയത്തിലാക്കിയിരിക്കുവാ".
അവശതയ്കിടയിലും അയാൾ മുന്നേ നടന്നു...
  എല്ലാം ശരിയാക്കി കൊടുത്തപ്പോൾ..അയാൾ കൈ കൂപ്പി..ഞാനും.. "വലിയ ഉപകാരം" 
കാശെടുത്ത് പുറത്ത് വന്നപ്പോൾ.. അയാളുടെ വിറയ്ക്കുന്ന കൈകൾ എന്റെ നെറൂകയിലമർന്നു.. "എന്നേ സംബന്ധിച്ച് ജീവിതവും പ്രശ്നങ്ങളും പാരലലായി പോയി കൊണ്ടിരിക്കുവാ കുഞ്ഞേ.. അങ്ങനെയുള്ള എന്നെ സഹായിക്കാന് കാണിച്ച മനസിനെ ദൈവം കാണട്ടെ.."
കണ്ണു നിറഞ്ഞുവോ.. അറിയില്ല.. ഞാൻ ചിരിച്ചു.. സത്യമാണ്.. ഇനിയെന്ത് എന്ന് ചോദിച്ചു മിഴിച്ചിരിക്കുമ്പോൾ എങ്ങ് നിന്നൊക്കെയൊ തെളിഞ്ഞു വരുന്ന വഴി ഇത് പോലെ ആരുടെയൊക്കെയോ അനുഗ്രഹമാണ്..
"ആസ്പത്രീന്ന് വന്നിട്ട് നേരെ ഇങ്ങ് വന്നതാ.. ആൾക്ക് കഴിക്കാനെന്തേലും വാങ്ങി വേണം പോകാന്.. " എന്ന് പറഞ്ഞു അയാൾ നടന്നു നീങ്ങി..
തിരിഞ്ഞു നോക്കുമ്പോൾ വിശപ്പുണ്ടായിരുന്നില്ല.. പച്ചയായ യാഥാര്‍ത്ഥ്യങ്ങളോട് ഒരു മരവിപ്പ് മാത്രം...

രേവൂട്ടി

Comments

Popular posts from this blog

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍  നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത്  എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍  അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

പ്രണയരേഖകൾ

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? അതിശക്തമായി.. എന്നാൽ,  വിടരാൻ വെമ്പുന്ന ഒരു മുല്ലമൊട്ടു പോലെ തരളമായി ... ആരെ എന്നാവും..പ്രണയത്തെ. നിങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയത്തെ  നിലാവിൻ്റെ നേരിയ വെളിച്ചത്തിൽ, ചൂണ്ടുകളിൽ അത്രമേൽ ആർദ്രമായ ഒരു പുഞ്ചിരി വിടർത്തി, പാതി വിടർന്ന നിശാഗന്ധി പൂക്കളുടെ ഗന്ധം ശ്വസിച്ച്, ഇമകളെ പരസ്പരം ചുംബിക്കാൻ അനുവദിച്ച്, പ്രണയത്തിൻ്റെ ആഴങ്ങളിൽ മുങ്ങി നിവർന്നിട്ടുണ്ടോ? എന്നിട്ട് പതിയെ ഉറക്കത്തിൻ്റെ ആഴങ്ങളിലേക്ക് വഴുതി വീഴണം. അവിടെ നിങ്ങൾ മാത്രം.. നിങ്ങളുടെ പ്രണയവും... ഉറക്കത്തിൻ്റെ അവസാന യാമങ്ങളിൽ മടിച്ചു മടിച്ചു ഉണരണം.  വേണ്ട, ഉണരേണ്ട,  ആ ചൂടേറ്റ് ഒട്ടിചേർന്ന് കിടന്ന് വീണ്ടും ഉറങ്ങാം... സ്വപ്നങ്ങൾ നിങ്ങൾക്ക് മെത്തകൾ നെയ്യട്ടെ.. രേവൂട്ടി