Skip to main content

Posts

Showing posts from November, 2017

പറയാതെ പോകുന്ന പ്രണയങ്ങൾക്ക്

ഞാനൊഴുകുകയാണ്.. സാഗരം തേടിയലയും പുഴ പോലെ. ഹൃദയകോകിലം പാടിയ രാഗം പ്രണയാർദ്രമായിരുന്നോ? പിന്നിട്ട വഴികളത്രയും തനിച്ചായിരുന്നു അങ്ങകലെ മിന്നിത്തിളങ്ങിയ താരകൾ ദൂരെയൊരു വഴിയമ്പലത്തിൽ നിന്നെ കാണിച്ചു തന്നു... നീയും തനിച്ച്... ആഭരണങ്ങളണിഞ്ഞ ദൈവവും താടിമീശ വച്ച ദൈവവും അരൂപിയായ ദൈവവും  നമുക്ക് വഴിമാറി തന്നു ഒടുവിൽ കാലത്തിന്റെ ഇരുളടഞ്ഞ വഴികളിലൂടെ സഞ്ചരിച്ച് ഈ വഴിയമ്പലത്തിൽ നാം കണ്ടു മുട്ടി എന്നിട്ടും നമുക്കൊന്നും പറയാനുണ്ടായിരുന്നില്ല.. പറഞ്ഞിട്ടും പറയാനാവാതെ നീ തേങ്ങിയിട്ടും തീർക്കാനാവാതെ ഞാൻ പുഴയ്ക്കറിയാം തന്റെ പതനം സാഗരത്തിലാണെന്ന്.. അതങ്ങിനയേ ആകൂ എന്ന് എന്നിട്ടും പുഴ ശാന്തമായൊഴുകി.. സാഗരത്തിന്റെ ഉള്ളറകൾ തേടി...

ചാറ്റൽ മഴ

ചാറ്റൽ മഴ പ്രണയമായിരുന്നു എന്റെ കുടക്കീഴിൽ നനഞ്ഞോടി വന്നു കയറിയ നീയായിരുന്നു ചാറ്റൽ മഴ വിരഹമായി എന്റെ കുടക്കീഴിൽ നിന്ന് പിണങ്ങി പോയ നീയായിരുന്നു ചാറ്റൽ മഴ വേദനയായി നീ തന്ന മുറിവിന്റെ നീറുന്ന ഓർമ ചാറ്റൽ മഴ കുളിരാണ് നഷ്ട പ്രണയത്തിന്റെ നിറമുള്ള ഓർമയാണ്...

വാക്ക്

പറയാതെ വച്ചിരുന്ന വാക്കുകളെല്ലാം കുട്ടയിൽ വാരി നിറച്ചു ഞാനാ വഴിയോരത്തിരുന്നു... എന്തു വില പറഞ്ഞാലാണ് മതിയാവുക.  പക്ഷേ, ആരും തന്നെ തിരിഞ്ഞു നോക്കിയില്ല. അവർക്കാർക്കും തന്നെ പഴകി ദ്രവിച്ച ആ വാക്കുകൾ ഉൾക്കൊള്ളാനുള്ള കരുത്തുണ്ടായിരുന്നില്ല. ഒടുവിൽ തട്ടമിട്ടു മറച്ച വാടിയ മുഖവുമായി ഒരു യുവതി വന്നു. അവൾ കുഞ്ഞിനെ താഴെ നിർത്തി തന്റെ ഹൃദയം തുറന്ന് വാക്കുകളെല്ലാം തന്നെ അതിൽ കുത്തി നിറക്കാൻ തുടങ്ങി. വരണ്ട ഭൂമിയിൽ പെയ്ത ആദ്യത്തെ മഴ പോലെ അവളുടെ ഹൃദയം അത് മുഴുവനും വലിച്ചെടുത്തു. അവൾ ചോദിച്ചു "എന്തേ കച്ചവടക്കാരാ നീ ഈ വഴി ഇതിന് മുമ്പ് വന്നില്ല.. ഇവയ്ക്കായി ഞാനീ ജീവിതകാലമത്രയും കാത്തിരിക്കുകയായിരുന്നില്ലേ.. ഈ ഹൃദയം ഇവയ്ക്കായി ഒഴിച്ചിട്ടിരിക്കുകയായിരുന്നില്ലെ.. ആ ചോദ്യത്തിന് പക്ഷേ എന്റെ വാക്കുകളെക്കാൾ ഭാരമുണ്ടായിരുന്നു.. മൂർച്ചയും..

പാഠം ഒന്ന് - ജീവിതം

--—--------------------------- ജീവിതത്തെ രണ്ടായി തിരിക്കാം.. വിവാഹത്തിന് മുമ്പ്,  വിവാഹത്തിന് ശേഷം മുൻപ് ===== അമ്മ ചിറകു വച്ച് തന്നു നിറഞ്ഞു പറക്കാൻ ആകാശം കാണിച്ച് തന്നു. കണ്ണാടിയിൽ ബാല്യകൌമാരങ്ങൾ ചിരിച്ചു നിന്നു കണ്ണുനീരിന് കയ്പ് ആയിരുന്നു.. ചട്ടി വടിച്ച് പഞ്ഞം വരുത്തരുതെന്നമ്മ അമ്മ ഉണ്ണാതെ വച്ച ചോറും കറിയുമാണ് ഞാൻ. ശേഷം ====== ചിറകുകൾ അഴകിനാണത്രെ ഭൂമിയെ വിധിച്ചിട്ടുള്ളു പോലും കണ്ണാടിയുടെ അഴക് പൊടിയണിഞ്ഞു കിടന്നു കയ്പ് നീരു കുടിച്ചിറക്കാമെന്നായി കറിചട്ടിയിൽ ബാക്കി വന്ന വേപ്പില ഞാനോ? കൂട്ട് ഞാനും എന്റെ ജല്പനങ്ങളും ..... രേവൂട്ടി

കൊഴിഞ്ഞ റോസാപുഷ്പങ്ങൾ

പ്രണയമായിരുന്നില്ല നിന്നെ പിന്തുടരുമ്പോൾ എന്റെ മനസ്സിൽ പിന്നിട്ട വഴികള(തയും ചുവന്ന റോസാപുഷ്പങ്ങൾ ഇതളടർന്നു കിടന്നിരുന്നു നീ തിരിഞ്ഞു നോക്കിയില്ല പൂവടർന്ന തണ്ടിലെ മുള്ളുകൾ എന്റെ പദങ്ങളിൽ വിരിയിച്ചു കുഞ്ഞു റോസാപുഷ്പങ്ങൾ എന്നെങ്കിലും നീ തിരിഞ്ഞു നോക്കുമ്പോൾ നൽകാനായി ഒരു കുഞ്ഞു തുമ്പ പൂവ് എന്റെ ചുണ്ടുകൾക്കിടയിൽ വിരിയിച്ചു വച്ചിട്ടുണ്ട്.. അത് മാത്രം ഓർക്കുക 

ഞാന്‍

എൻ്റെ അഭ്യുദയകാംക്ഷികൾ പറഞ്ഞു... നീ പെണ്ണാണു... അമ്മ തിരുത്തി... അവൾ ചങ്കൂറ്റമുള്ള പെണ്ണാണു... ഒറ്റയ്ക്കാവുമ്പോൾ അമ്മ പറഞ്ഞു... നീ പെണ്ണാണു... ഞാൻ തിരുത്തി... ഞാൻ നട്ടെല്ലുള്ള പെണ്ണാണു... പക്ഷേ ഇന്നെനിക്കു പേടിയൂണ്ട്... എനിക്കൊരു മകൾ ആണ്...

മേരെ പ്യാരെ ദേശ് വാസിയോം

           ഒരു  കട്ടനും കുടിച്ചു ചാരു കസേരയിൽ മലർന്നു  കിടക്കുകയായിരുന്നു വയലറ്റ് നോട്ട്. നോട്ട് കുടുംബത്തിലെ കാരണവർ ന്യൂ ജനറേഷൻ.. എല്ലാ അഹങ്കാരവും ആ മുഖത്തുണ്ട്.ഗേറ്റ് കടന്ന് വരുന്നവരെ സൂക്ഷിച്ച് നോക്കി. മുന്നിൽ വന്ന് നിന്ന് അല്പം കടുപ്പിച്ച് തന്നെ അവർ ചോദിച്ചു..ഓർമ്മയുണ്ടോ ഈ മുഖം..പടിയിറക്കി പിണ്ടം വച്ചോർക്ക് ഇവിടെ എന്ത് കാര്യം എന്ന പരിഹാസം ആയിരുന്നു മുഖത്ത്. സ്വീകരണം പ്റതീക്ഷിക്കാതെ  കൈവരിയിൽ കയറിയിരുന്നു വരുത്തർ. എല്ലാരേം ഒന്നു കണ്ടേച്ചു പോകാംന്ന് വച്ചു,മാസം രണ്ട് മൂന്നായില്ലേ.പരിഭവം പറഞ്ഞ ആയിരത്തെ പിന്താങ്ങി അഞ്ഞൂറ് മൂക്കൊലിപ്പിച്ചു. പിന്നെ ഈ ഞെളിഞ്ഞുള്ള ഇരിപ്പുണ്ടല്ലോ,അത് വേണ്ടാന്ന് പറയാനും കൂടാ വന്നത്.കണ്ണ് തുറക്കുമ്പൊ ചായ ഗ്ളാസ്സ് കയ്യിൽ വച്ചോണ്ടിരിക്കുന്നു നൂറ. പകൽ കിനാവ് ഫലിക്കുംന്നാ..അവൾ ചിരിച്ചു..പെട്ടെന്നായിരുന്നു.."മേരേ പ്യാരെ ദേശ് വാസിയോം" ചാരുകസേരയിൽ നിന്ന് ചാടി എഴുന്നേറ്റ് അതിനടിയിൽ തന്നെ ഒളിച്ചു് ...പിന്നാലെ കേട്ടത് ഒരു പൊട്ടിച്ചിരിയായിരുന്നു..നൂറാ നീ... അത് ആ ഫ്റീക്കൻ പത്തിൻ്റെ റിങ് ടോൺ ആണ്.. പത്ത് മിനിട്ട് കഴിഞ്ഞും പട പടാ ഇടിക്കുന്നത് തൻ്റെ തന്നെ ഹൃദയം

മാപ്പ്

അമ്മേ, നമുക്ക് എവ്ടേങ്കിലും പോണോങ്കി മാപ്പ് വേണോ...ചോദ്യം അഞ്ചു വയസ്സുകാരീടേതാണ്. "ന്താപ്പൊ നിനക്ക് ങ്ങനൊര് സംശയം" "അതേയ് അച്ഛൻ എവ്ട പോമ്പഴും മൊബൈലില് മാപ്പ് നോക്കൂല്ലെ, ഡോറേം അതെ എപ്പഴും മാപ്പിനോട് ചോദിക്കും..അതോണ്ട് ചോദിച്ചതാ..." അല്ലേലും ഈ കാർട്ടൂൺ കണ്ട് എന്തേലും ചോദിച്ചോണ്ട് വരുന്നത് അവൾക്കൊര് രസാ. ഞാൻ പാൽ പാ(തം എടുത്ത് നീട്ടി...ന്നാ രണ്ട് പേരും കൂടെ പാല് മേടിച്ചോണ്ട് വാ. രണ്ട് പേരും കൈ പിടിച്ച് പോകുന്നത് കാണാൻ നല്ല ശേലുണ്ട്...മഴ നനഞ്ഞ് കുതിർന്ന മണ്ണിൽ ചവിട്ടി അവർ നടന്നു. നന്ദൂൻ്റമ്മേടെ കട കഴിഞ്ഞ് മുറ്റതങത് മുല്ല പൂത്ത് നിക്കണ വീട് കടന്ന് അമ്പലത്തിലെ താലം പോകാറുള്ള കാവ് കഴിഞ്ഞ് വഴിയില് വീണു കിടക്കണ ഞാവൽ പഴം പെറുക്കി ഷെമ്മീസിലിട്ട് മടക്കി പിടിച്ച് വഴിയിലെ മഴ വെള്ളം ചവിട്ടി തെറിപ്പിച്ച് പാലും മേടിച്ച് അവർ വന്നു...ഷെമ്മീസിലെ റ ഒളിപ്പിക്കാൻ നോക്കി ഞാൻ കണ്ടൂന്നായപ്പൊ.."കറ നല്ലതല്ലേ അമ്മേ".. പിന്നേ...ഞാൻ ഗൂഗിൾ മാപ്പിനെ നോക്കി കൊഞ്ഞനം കുത്തി...അവളും അങ്ങിനെ തന്നെ ചെയ്തു കാണും..പിന്നല്ലാതെ...

കറിവേപ്പില

മകളായിരുന്നപ്പോൾ ഞാൻ കടുകുമണി ആയിരുന്നു...അടുക്കളയിൽ പൊട്ടിത്തെറിച്ചു കൊണ്ടിരുന്നു...എന്നിട്ടും അമ്മയായപ്പോൾ ഞാൻ കറിവേപ്പിലയായതെന്തെ? രേവൂട്ടി

പ്രണയാക്ഷരങ്ങൾ

അന്ന് ഞാൻ ഒരു സ്വരാക്ഷരവും നീ വെറും ചില്ലും ആയിരുന്നു, ചേർത്ത് വയ്ക്കുന്തോറും മുഴച്ചു നിൽക്കും അടർന്ന് മാറും. ജീവിതത്തിൻ്റെ കനലിൽ ചുട്ടെരിഞ്ഞ് നീ ഒരു വ്യഞ്ജനമായി കടന്നു വന്നപ്പൊഴേക്ക നിന്നിലേക്ക് ഒരു സ്വരവും എന്നിലേക്ക് ഒരു വ്യഞ്ജനവും ചേർന്നിരുന്നു. എന്നിട്ടും നാമിന്നും എങ്ങിനെ ആ (പണയ കാവ്യത്തിലെ കൂട്ടക്ഷരമാകുന്നു...         _രേവൂട്ടി

അലാറം

ഇരവിനും പകലിനുമിടയിൽ ഞാൻ നെയ്തു കൂട്ടിയ സ്വപ്നങ്ങളെല്ലാം ഒരു നിമിഷാർദ്ധം കൊണ്ട് തച്ചുടച്ചവനാ അവൻ.തലമണ്ടക്കൊരു കൊട്ട് കൊട്.. രേവൂട്ടി😜

മഴ

ഇലകൾക്ക് കാറ്റിനോടെന്തോ പറയാനുള്ളതു പോലെ.അതു കൊണ്ടാവണം മഴ ഒരു ചാനൽ റിപ്പോർട്ടറെപ്പോലെ അവിടുന്ന് മാറാതെ നിൽക്കുന്നത്.

എൻ്റെ വിദ്യാലയം

എന്നും വഴിവക്കിൽ കാണാറുള്ള (ഭാന്തി മഴ കൊള്ളാതിരിക്കാൻ സ്കൂൾ വരാന്തയിലേക്ക് കയറി നിന്നു. അകത്ത്, അരിപ്പയെ വെല്ലുന്ന മേൽക്കൂരയ്ക്കു താഴെ നനഞ്ഞു കുതിർന്ന ബഞ്ചുകളുടെ മൂലയിലേക്ക് ഒതുങ്ങി കൂടി ഞങ്ങളും ചോരാത്ത മനസ്സുള്ള ടീച്ചറും ചേർന്ന് അറിവിൻ്റെ മഴക്കുഴികളുണ്ടാക്കി. രേവൂട്ടി

കന്നാലി

സ്നേഹം കൂടുമ്പൊ അമ്മ പറയും"വളർന്ന് വല്തായിട്ടും ഒന്നും അറിഞ്ഞൂട പോത്തിന്". ഓൻ്റെ ശ്ശൂരെ ചങ്ങായികള് കന്നാലീന്നാ വിളിക്യ. ന്നിട്ടും ഓനെ വെട്ടി നുറുക്കി രക്തസാക്ഷിയാക്കിയത് ന്തിനാന്ന് എത്റ ആലോചിച്ചിട്ടും അമ്മയ്ക്ക് മനസ്സിലായില്ല. രേവൂട്ടി🤔

ചായ

'ഇന്നത്തെ പ(തം വന്നൊ" ചവറ് കത്തിക്കാനല്ലാതെ പ(തം തൊടാത്ത ഭാര്യയ്ക്ക് ഇതെന്ത് പറ്റി. ശാന്ത ആകെ വിഷമത്തിലാണ. ഇന്നലെ നിരോധിച്ച കൂട്ടത്തിൽ പാൽച്ചായ ഉണ്ടോ ആവൊ..ചായ സമയത്തിന് കിട്ടീല്ലെങ്കി ശങ്കരൻ പൂരപ്പാഠ്ട് നടത്തും. പിന്നെ ഒന്നും ആലോചിച്ചില്ല.പൊലച്ചെ ചെത്തി കൊണ്ടന്ന ച്ചിരി കള്ളെട്ത്ത് ചായ കൂട്ടി ചങ്കരന്...ചായ കുടിച്ച് ഇളന്തിണ്ണേല് കുത്തിയിര്ന്ന് ചങ്കരൻ പറഞ്ഞു.."പ്പഴാടീ നീയെൻ്റെ കെട്ട്യോളായത്" ശാന്ത സർക്കാരിന് സ്തുതി പാടി. രേവൂട്ടി

ലിങ്ക് and ലൈക്ക്

സമയം ഏതാണ്ട് ഉച്ചയോടടുത്തു എന്ന് വയറ് ഓർമിപ്പിച്ചു കൊണ്ടിരുന്നു.. ന്നാ ഉണ്ട് കളയാം എന്ന് കരുതി എണീറ്റപ്പോ വെളുക്കെ ചിരിച്ചു കൊണ്ട് ഒരു വൈറ്റ് ആന്റ് വൈറ്റ് വരുന്നു. സർഫ് എക്സലിന് കോൾഗേറ്റ് ഫ്രീ കിട്ടിയ പോലെ. "മാഡം പോവാണോ.. " അല്പം ഗൌരവത്തോടെ.. "അതെ" "എനിക്ക് ഒരു ഡൌട്ട് ഉണ്ട് മാഡം.  പറഞ്ഞോട്ടെ..." കുരിശാകല്ലെ ഭഗവാനെ വിശക്കണൂന്ന് പ്രാർത്ഥിച്ചു കൊണ്ട്.. "പറഞ്ഞോളൂ" അല്പം ശബ്ദം താഴ്ത്തി.. "അതേയ് ഈ പാൻ കാർഡും ആധാറും കൂടി ലൈക്ക് ചെയ്യാൻ എന്താ ചെയ്യണ്ടെ.." പകച്ചു പോയി എന്റെ ബാല്യം 😜 NB:ഇൻകം ടാക്സിന്റെ പേജിൽ രണ്ട് നമ്പറും കൂടെ പോസ്റ്റ് ചെയ്താ മതീന്ന് പറഞ്ഞില്ല.. പഹയൻ ചെയ്തു കളഞ്ഞാലൊ 😂

മഷിപ്പാടുകൾ

എന്റെ തൂലിക തുമ്പിലെ മഷി മായ്ച്ചു കളയാനല്ലെ നിനക്കാവൂ.. എന്റെ അക്ഷരക്കൂട്ടങ്ങൾ നിന്റെ ഹൃദയത്തിൽ അടിഞ്ഞു കിടക്കുകയില്ലേ..

പൂമ്പാറ്റകളായി പറക്കട്ടെ

മനസ്സിന്റെ അടിത്തട്ടിൽ ഒളിപ്പിച്ചു വയ്ക്കാനുള്ളതല്ല സ്നേഹം.. അത് നിന്റെ പ്രിയതമയ്ക്ക് മനം നിറയെ പകർന്നു നൽകുക.. നിന്റെയീ ചുണ്ടുകൾ രചിക്കുന്ന കവിത അവളുടെ കവിളുകൾ  അനായാസം വായിച്ചെടുക്കും അവളുടെ ഇമകൾ അവയ്ക്ക് ഈണമിടും... നിന്റെ സ്നേഹത്തെ പൂമ്പാറ്റകളായി അവൾക്കരികിലേക്ക് പറത്തി വിടുക  അവളവയെ ളുടെ അവളുടെ ഹൃദയത്തിൽ ഒളിപ്പിച്ചു വയ്ക്കട്ടെ 

പതനം

പതനം ഈ മഴത്തുള്ളികൾ നീയും ഞാൻ ഉർവ്വിയും ആയിരുന്നെങ്കിൽ.. നിന്റെയീ പതനം എന്നിലേക്കുള്ള പ്രയാണമാകുമായിരുന്നു.. ഈ നിമിഷത്തിനായി കൊഴിഞ്ഞ സംവത്സരങ്ങൾക്ക് എന്റെ ഡയറിയിലെ നീല മഷിയുടെ കനച്ച മണമായിരിക്കും... നീ പെയ്തിറങ്ങുന്നത് എന്റെ വരൾച്ചയിലേക്കായിരിക്കും.... എന്നിൽ നീ കീറിമുറിക്കുന്ന ചാലുകൾ എന്റെ ഏകാന്തതയുടെ ഓവുചാൽ കൂടിയായിരിക്കും.. ഒന്നോർക്കുക.. നിന്റെയീ പതനം കാത്തിരിക്കുന്ന എന്റെ നൊമ്പരത്തി പൂവിന്റെ നാമ്പുകൾക്ക് നീ ജീവിതം തന്നെയാണ്.. രേവൂട്ടി

വെള്ളാരം കല്ലുകൾ

തിരകൾ മത്സരിച്ചാവണം.. അതിനിടയിൽ രണ്ട് വെള്ളാരം കല്ലുകൾ ചുംബിച്ചു കൊണ്ടിരുന്നത് ആരും കണ്ടില്ല.. തീരത്ത് നമുക്കിടയിൽ എന്തിനീ അകലം?  നമ്മുടെ മനസ്സിന്റെ വിടവില്ലായ്മയെ പ്രണയം എന്ന് വിളിക്കാം....ശരീരങ്ങൾക്കിടയിൽ നീ സൂക്ഷിച്ച അകലത്തെ സദാചാരമെന്നും.. വരൂ നമുക്ക് തിരകൾക്കിടയിലെ വെള്ളാരം കല്ലുകളാവാം... രേവൂട്ടി

ആലസ്യം

രാത്രിമഴയ്ക്ക് പ്രണയത്തിന്റെ കുളിരുണ്ട് .... കാറ്റിൽ തൊടുത്തു  വിടുന്ന ഉമ്മകൾക്ക് ഇളം വെയിലിന്റെ ചൂടും... നിദ്ര ഇമകളെ പുൽകിയിട്ടും നീയെന്തേ അലസം..? രേവൂട്ടി