Skip to main content

വാക്കുകൾ കൊണ്ട് പറയാനാവാത്ത ബന്ധങ്ങൾ..

ഉച്ചയൂണു കഴിഞ്ഞ് കൈകഴുകി വന്നപ്പോഴാണ് വാട്സാപ്പിൽ ഒരു മെസ്സേജ് കിടക്കുന്നത് കണ്ടത്. മായ...
ഓർമ്മകൾ കുറച്ചു പുറകോട്ടുപോയി.

"ഇത്തവണ ശരിയായാൽ മുട്ടായി വാങ്ങിത്തരണം കേട്ടോ "അതായിരുന്നു തുടക്കം. ഒന്നു രണ്ടാഴ്ചയായി എടിഎം കാർഡ് കയ്യിൽ കിട്ടിയിട്ട് വർക്ക് ആകുന്നില്ല. ഞാൻ തിരിച്ചും മറിച്ചും പണിയാൻ തുടങ്ങിയിട്ട് രണ്ടു ദിവസമായി. ഇത് ശരിയായാൽ മതിയായിരുന്നു ഈശ്വരന്മാരേ.  നേർച്ച യൊന്നും നേർന്നില്ല. വേറൊന്നുമല്ല നേർച്ചകൾ ഒന്നും മുതലാകുന്നില്ല .പിൻ നമ്പർ അടിച്ച് കണ്ണടച്ച് നിന്നു ..ഉം....ഈ ശബ്ദങ്ങളൊക്കെ എപ്പോഴും കേൾക്കുന്നതാ..പറ്റിക്കൽസ്.. ഇത്തവണയെങ്കിലും നാണം കെടാതിരുന്നാൽ മതിയായിരുന്നു..
"മോളെ ദാ വന്നല്ലോ "
കണ്ണു തുറന്നു നോക്കി ...കണ്ണുതിരുമ്മി നോക്കി..നൂറ് രൂപയും നീട്ടിനിൽക്കുന്ന ഞങ്ങളുടെ കാശുകുടുക്കയെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കാൻ തോന്നി. "ഇപ്പോ ഹാപ്പി ആയില്ലേ ടീച്ചറെ?" മറുപടിയായി അവരുടെ കൈ നിറുകയിൽ തൊട്ടു... "വല്ലാത്ത ഒരു എനർജിയാണ് ട്ടാ ടീച്ചറെ ഇതിന് ...നിക്കിനി ചത്താലും വേണ്ടില്ല.. ന്നാലും നാരങ്ങ മിട്ടായി മറക്കണ്ട ട്ടാ..."
ടീച്ചർ ചിരിച്ചു ക്ഷീണം ഏതുമില്ലാതെ... "ഇനിയിപ്പോ അടുത്തമാസം ബാങ്കിലേക്ക് ഉണ്ടാകില്ല അല്ലേ ?കാർഡ് ഒക്കെ ആയില്ലേ" "എനിക്കുവേണ്ടിയല്ല മോളെ , മക്കളുടെ ഒരേയൊരു നിർബന്ധം ആണ് എവിടെയെങ്കിലും കിടപ്പായാ ചുമന്നോണ്ട് നടക്കാൻ അവർക്കും ബുദ്ധിമുട്ടുണ്ടാകില്ലേ.."
ടീച്ചർ പറഞ്ഞു" അസുഖം ക്ഷീണം ഒക്കെ ഒക്കെ മനസ്സിൻറെ ഒരു കളിയല്ലേ .ഞങ്ങൾ ഈ പെൻഷൻകാർക്ക് മാസത്തിലെ ഒരു ദിവസം വന്ന ബാങ്കിൽ ക്യൂ നിൽക്കാൻ ഒരു സുഖം ..വീട്ടിൽ ഒറ്റപ്പെട്ട നിൽക്കുന്നവർക്കേ ആ സുഖം അറിയൂ " .കഥകൾ ഒരുപാട് ആ നെടുവീർപ്പിൽ ആയിരുന്നു . "ന്നാ ശരി ടീച്ചറെ , തിരക്കുണ്ട് കൗണ്ടറിൽ" യാത്രപറഞ്ഞ് ബാങ്കിന്റെ ഉള്ളിലേക്ക് കയറുമ്പോൾ വെറുതെ ഒന്ന് കണക്കുകൂട്ടി. ഇനി പത്തു മുപ്പത്തിരണ്ട് കൊല്ലം കൂടി ആ  പ്രായത്തിലേക്ക്.
ഉച്ചക്ക് ഉണ്ണാൻ എണീറ്റപ്പോ നല്ല നടുവേദന.  രണ്ട് ദിവസമായി തുടങ്ങിയിട്ട് .ക്ഷീണം അസുഖമൊക്കെ മനസ്സിൻറെ കളിയല്ലേ മോളെ.. ഞാൻ സ്വയം  ചിരിച്ചു. അടുത്തമാസം പെൻഷൻ ദിവസം ടീച്ചർ വന്നപ്പോൾ കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു.
"മുട്ടായി" ഞാൻ ചിരിച്ചു . കള്ളച്ചിരി കണ്ടിട്ടാവണം ടീച്ചറും ചിരിച്ചു .
"മോളെ സമയമുള്ളപ്പോൾ ഒരീസം പറയൂ. എഫ് ഡി ഒക്കെ ഒക്കെ ഒന്ന് നോക്കണം."
"ടീച്ചർ പത്താം തീയതി കഴിഞ്ഞു വന്നോളൂ വന്നോളൂ. അപ്പോൾ തിരക്ക് കാണില്ല .ഉച്ച കഴിഞ്ഞു മതിട്ടോ"
അന്നൊരു ബുധനാഴ്ചയായിരുന്നു. ചിന്നി ചിന്നി മാസം തെറ്റി പെയ്ത മഴയുണ്ടായിരുന്നു രാവിലെമുതൽ. അതുകൊണ്ടുതന്നെ തിരക്ക് കുറവായിരുന്നു.
" ഈയിടെയായി വല്ലാത്ത ഒരു തോന്നൽ, ഇനി അധികം സമയമില്ല എന്ന്. പോകുമ്പോൾ അവകാശത്തിനായി ആരും തമ്മിലടിക്കണ്ട. ചിലതിൽ അവകാശി വച്ചിട്ടില്ല. ഞാൻ അപേക്ഷ കൊടുത്തു. കുറച്ചുകഴിഞ്ഞ് ടീച്ചർ നല്ല വടിവൊത്ത അക്ഷരത്തിൽ പൂരിപ്പിച്ച തന്നു. അപേക്ഷകൾ നോക്കുന്നതിനിടയിൽ ഒന്നിൽ കണ്ണുടക്കി. അവകാശിയായി 'മായ-  സഹോദരിയുടെ മകൾ ' എന്ന് കണ്ടു. ഞാൻ നോക്കുന്നത് കണ്ടിട്ടാവണം ടീച്ചർ പറഞ്ഞു. "എന്റെചേച്ചിയുടെ മോളാ. ഇപ്പോൾ ഇവളാണ് എന്നെ നോക്കുന്നത്."  ടീച്ചർ ചൂണ്ടിയ ഇടത്തേക്ക്  ഞാൻ നോക്കി.  നനഞ്ഞ കുടയും പിടിച്ചു മൂലയിൽ ഒരു കസേരയിലിരിക്കുന്ന ഒരു പെൺകുട്ടി. പതുമുപ്പത് വയസ്സ് തോന്നും. പക്ഷേ അപേക്ഷയിൽ 24 വയസ്സാണ് വച്ചിരിക്കുന്നത്.  "പഠിക്കാനൊക്കെ മോശമായിരുന്നു. ന്നാലും ഡിഗ്രി കഴിഞ്ഞു. ജോലിയൊന്നും നോക്കിയില്ല. ജാതകദോഷംണ്ട്. കാര്യങ്ങളൊന്നും ആവുന്നില്ല .എൻറെ കൂടെ ആകുമ്പോൾ  മിണ്ടിയും പറഞ്ഞും ഇരിക്കാലൊന്ന് പറഞ്ഞു ഇങ് പോന്നു. പാവമാണ്... എന്നെ പൊന്നുപോലെ നോക്കും"
ഒന്നു നിർത്തിയിട്ട് ടീച്ചർ തുടർന്നു..." പിന്നെ ഈ അമ്മയും മകളും എന്നൊക്കെ പറയുന്നത് രക്തബന്ധങ്ങൾ അല്ലെ. നമുക്കൊക്കെ പറയാൻ പറ്റുന്നതിനെക്കാൾ വലിയ ചില ബന്ധങ്ങളുണ്ട് ഈ ഭൂമിയിൽ" ടീച്ചർ നിർത്തി .കണ്ണ് നിറഞ്ഞിരുന്നോ.
" ടീച്ചറെ ഇത് ഞാൻ ചെയ്തേക്കാം . ഇനി എന്തേലും ഉണ്ടോ"
"ഞാൻ പോയാൽ ഇവളെ വിളിച്ച് കൊടുത്തേക്കണേ മോളെ"
" ടീച്ചർ പോവേ.. ഞാൻ ഓഫീസറായി ഈ ബ്രാഞ്ചിൽ തിരിച്ചുവരുമ്പോൾ ടീച്ചറുടെ FD ഒക്കെ ഒപ്പിട്ടു തരാൻ ഉള്ളതാണ് ..ഒന്ന് പോ ടീച്ചറെ.." എൻറെ കഴിവിൽ വിശ്വാസം കുറച്ച് കൂടിയിട്ടാണ് എന്നു തോന്നുന്നു. ടീച്ചർ പൊട്ടിച്ചിരിച്ചു.
അടുത്തമാസം ടീച്ചറെ കണ്ടില്ല. പിന്നെ വരുന്നത് ജനുവരിയിലാണ്. ഇരുപത്തിയഞ്ചാം തീയതി. ക്ഷീണം ഉണ്ട്.. പഴയ ചിരിയില്ല ...ഒരു വല്ലായ്ക ..
"എന്തേ ടീച്ചറെ വയ്യേ"
"ഇനി അധികമുണ്ടെന്നു തോന്നുന്നില്ല കുട്ടി. കിടപ്പായിരുന്നു. ഇന്ന് ഒന്ന് പുറത്തിറങ്ങിയതാ. റിപ്പബ്ലിക് ദിനം സ്കൂളിൽ പോകുന്ന ഒരു പതിവുണ്ട് രാവിലെ. അതിനു മുന്നേ ഒന്ന് പുറത്തിറങ്ങി നോക്കിയതാ. ഇതു വഴി പോയപ്പോ ഒന്ന് കണ്ടെച്ചു പോകാം എന്നുകരുതി.." "സംസാരിക്കുമ്പോൾ  വയ്യല്ലോ ടീച്ചറെ" "ഹെയ്. കുഴപ്പമൊന്നുമില്ല". ടീച്ചർ പോകുന്നത് നോക്കി നിന്നു നിന്നു.

പിറ്റേന്ന് അവധിയുടെ ആലസ്യത്തിൽ കട്ടിലിലിൽ നിന്ന് പൊങ്ങാൻ തോന്നിയില്ല . വാട്സാപ്പിലെ റിപ്പബ്ലിക് ദിന മെസ്സേജുകൾ നോക്കുന്നതിനിടയിലാണ് പരിചയമില്ലാത്ത നമ്പറിൽനിന്ന് ഒരു മെസ്സേജ് കണ്ടത് ."ടീച്ചർ പോയി- മായ".. തല കറങ്ങുന്നതുപോലെ.. കൈ വല്ലാതെ മരവിച്ചിരിക്കുന്നു. ആ നമ്പറിലേക്ക് വിളിച്ചു. " ചേച്ചി, ചെറിയമ്മ പോയി" ഫോണെടുത്ത പാടെ ഒരു കരച്ചിലാണ് കേട്ടത് . പുലർച്ചെ ആയിരുന്നത്രെ. ഹാർട്ട് അറ്റാക്ക്. രാവിലെതന്നെ കൊല്ലത്തെ തറവാട്ട് വീട്ടിലേക്ക് കൊണ്ടുപോയി . നിറഞ്ഞ പുഞ്ചിരിയും ഊഷ്മളതയും നിറഞ്ഞ ഒരു അധ്യായം ഇവിടെ  കഴിഞ്ഞു.

രണ്ടാഴ്ച കഴിഞ്ഞു കാണും ടീച്ചറുടെ മക്കൾ വന്നു.മായ കൂടെ ഉണ്ടായിരുന്നതുകൊണ്ട് മുഖവുര വേണ്ടിവന്നില്ല. അമ്മയുടെ പാസ്ബുക്കും FD യും ആണ് . ക്ലോസ് ചെയ്യണം ഞാൻ അപേക്ഷ എടുത്തു കൊടുത്തു. പൂരിപ്പിച്ചു തരുമ്പോൾ ഞാൻ പറഞ്ഞു .."ചേച്ചി ഈ എഫ് ഡി യിൽ  നോമിനി ചേച്ചി അല്ല മായയാണ്. മായക്ക് ഇവിടെ അക്കൗണ്ട് ഉണ്ടോ ."അവരുടെ മുഖം തെല്ലൊന്ന് മാറിയോ ..ഹേയ്..തോന്നിയതാവും. അക്കൗണ്ടന്റിനെ കാണിക്കൂ എന്ന് പറഞ്ഞ് പറഞ്ഞ് കൊടുത്ത രേഖകളും കൊണ്ട് അവർ പുറത്തേക്ക് പോയി.  കുറച്ചു കഴിഞ്ഞു അവർ അക്കൗണ്ടന്റിന്റെ അടുത്തു ഇരിക്കുന്നതും കണ്ടു . തിരക്കാണ് ..നാളെ തിരിച്ചു പോകണം. അതുകൊണ്ട് എല്ലാ കാര്യങ്ങളും ഇന്ന് തന്നെ തന്നെ തീർക്കണം എന്നൊക്കെ പറയുന്നത് കേട്ടു.  ക്ലോസ് ചെയ്യാൻ തന്ന കടലാസുകളിൽ ഒന്നു കണ്ടു. ഇത് ..മായയുടെ  അക്കൗണ്ടിൽനിന്ന് ...?എന്റെ മുഖത്ത് തെളിഞ്ഞ ചോദ്യം കണ്ടിട്ടാവണം അവർ പറഞ്ഞു.."മാഡം അവൾക്കു പറ്റിയ ഒരു അബദ്ധചിന്തയാണ്. ആരുമില്ലല്ലോ എന്നുകരുതി അവകാശിയായി അവൾ അവളെത്തന്നെ വച്ചു. തിരിച്ചു തരാമെന്നു സമ്മതിച്ചിട്ടുണ്ട്. അക്കൗണ്ട് ക്ലോസ് ചെയ്യുന്നത് വരുമ്പോൾ അത് എൻറെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു തന്നാൽ മതി. അവൾ ഒപ്പിട്ടിട്ടുണ്ട് .."
വടിവൊത്ത അക്ഷരത്തിൽ നോമിനേഷൻ ഫോം പൂരിപ്പിച്ച ടീച്ചറുടെ മുഖമായിരുന്നു മുന്നിൽ.. കൈകൾ യാന്ത്രികമായി കീബോർഡിലൂടെ ചലിച്ചു...
" ഞാൻ പോയാൽ .."ടീച്ചറുടെ വാക്കുകൾ കാതിൽ മുഴങ്ങി..
വൗച്ചർ  പാസാക്കാൻ കൊടുത്തപ്പോൾ ഞാൻ മായയെ നോക്കി .അവൾ ഒരു മൂലയിൽ തലകുനിചിരിക്കുകയാണ്. പോകാൻനേരം നിറഞ്ഞ കണ്ണുകളോടെ അവളെന്നെ നോക്കി ..താനറിയാത്ത ഒരു കുറ്റം ചാർത്തപ്പെട്ട അപമാനമായിരുന്നു ആ മുഖത്ത്.
................................................................................
ഞാൻ മെസ്സേജ് തുറന്നു..."ചേച്ചി ,ഞാൻ നാളെ എൽഡി ക്ലർക്ക് ആയി ജോലിക്ക് കയറുകയാണ്. ചേച്ചിയോട് പറയണമെന്ന് തോന്നി.. പ്രാർത്ഥിക്കണം.."
വീണ്ടും കണ്ണ് നിറഞ്ഞു ..നീർമണികൾക്കപ്പുറത്ത് ടീച്ചറുടെ ചിരിക്കുന്ന മുഖം... അതെ..നമുക്ക് വാക്കുകൾകൊണ്ട് പറയാനാകാത്ത ചില ബന്ധങ്ങൾ ഉണ്ട് ഭൂമിയിൽ....

രേവൂട്ടി

Comments

Popular posts from this blog

Kathakal..kathayillaymakal….

Parayathe vachirunna vakkukalellam kuttayil vaari nirachu njana vazhiyoorathirunnu. Enthu vila paranjalanu mathiyavuka??? Pakshe aarum thanne thirinju nookkiyilla. Kaaranam....avrkkarkkum thanne pazhaki dravicha aa vaakkukal ulkkllanulla manassundaayirunnilla. Oduvil thattamittu maracha vaadiya mukhavumayi oru yuvathi vannu. Aval kunjine thazhe nirthi thante hridayam thurannu vaakkukalellam thanne athil kuthi nirakkan thudngi… . Varanda bhoomiyl peytha aadyathe mazha poole avalude hridayam athu muzhuvan valichedukkan thudangi. Oduvil aval chodichu….” Enthe kachavadakkaraa nee ee vazhi ithinu munpu vannilla??? Ivaykkayi njanee jeevithakaalamathrayum kaathirikkukayaayirunnille??? Ee hridayam ivaykkayi ozhichittirikkukayaayirunnille? " Aa chodyathinu pakshe ente vaakkukalkkal bhaaramundaayirunnu……. -Revooty “Ummmm….thattamitta kathapathrangal athra sariyalla Revooo..pinne aa kachavadakkaran oru mandan thanneyanu kettoo….” “Avan mandan maathramaayirunnilla..swardthan koodiyaay

പ്രണയരേഖകൾ

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? അതിശക്തമായി.. എന്നാൽ,  വിടരാൻ വെമ്പുന്ന ഒരു മുല്ലമൊട്ടു പോലെ തരളമായി ... ആരെ എന്നാവും..പ്രണയത്തെ. നിങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയത്തെ  നിലാവിൻ്റെ നേരിയ വെളിച്ചത്തിൽ, ചൂണ്ടുകളിൽ അത്രമേൽ ആർദ്രമായ ഒരു പുഞ്ചിരി വിടർത്തി, പാതി വിടർന്ന നിശാഗന്ധി പൂക്കളുടെ ഗന്ധം ശ്വസിച്ച്, ഇമകളെ പരസ്പരം ചുംബിക്കാൻ അനുവദിച്ച്, പ്രണയത്തിൻ്റെ ആഴങ്ങളിൽ മുങ്ങി നിവർന്നിട്ടുണ്ടോ? എന്നിട്ട് പതിയെ ഉറക്കത്തിൻ്റെ ആഴങ്ങളിലേക്ക് വഴുതി വീഴണം. അവിടെ നിങ്ങൾ മാത്രം.. നിങ്ങളുടെ പ്രണയവും... ഉറക്കത്തിൻ്റെ അവസാന യാമങ്ങളിൽ മടിച്ചു മടിച്ചു ഉണരണം.  വേണ്ട, ഉണരേണ്ട,  ആ ചൂടേറ്റ് ഒട്ടിചേർന്ന് കിടന്ന് വീണ്ടും ഉറങ്ങാം... സ്വപ്നങ്ങൾ നിങ്ങൾക്ക് മെത്തകൾ നെയ്യട്ടെ.. രേവൂട്ടി

നീയുമെന്റെ സ്വപ്നങ്ങളും

നീയെന്റെ സ്വപ്നങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനാലാവണം സ്വപ്നങ്ങൾക്ക് നല്ല ചെമ്പകപ്പൂവിന്റെ ഗന്ധമാണ്.... അവയെ ഞാൻ എന്റെ ഡയറി താളുകളിൽ ഒളിപ്പിച്ചു വയ്ക്കട്ടെ.. നീയെന്ന എന്റെ പ്രണയത്തോടൊപ്പം.. രേവൂട്ടി