Skip to main content

ബാംഗ്ലൂർ ഡേയ്സ്...

ഇന്ന് ബാംഗ്ലൂറിലെ രണ്ടാം ജന്മത്തിലെ നാലാം ദിനം. ആദ്യത്തെ ദിവസം ബസ്‌യാത്ര ആയിരുന്നു. ഇപ്പോ രണ്ടീസമായി മെട്രോ യാത്ര പരീക്ഷണമാണ്. രാജേഷേട്ടൻ ബൈക്കിൽ കൊണ്ട് പോയി സ്റ്റേഷൻ വരെ.  വണ്ടി നിരങ്ങി നിരങ്ങി ആണ് നീങ്ങുന്നത്. കാലമേ നീ എങ്ങോട്ട്?  ഒരു അഞ്ചു വര്ഷത്തിനപ്പുറം എന്ത് എന്ന് ചിന്തിക്കാൻ കൂടെ കഴിയുന്നില്ല.  ഒരുപക്ഷേ moving roads  വരുമായിരിക്കും. അല്ല പിന്നെ.. എല്ലാർക്കും സ്വന്തം വണ്ടീo  കൊണ്ട് ഇറങ്ങുകേം വേണമെന്ന് പറഞ്ഞാ പിന്നെ.. ഒന്നു നീങ്ങേണ്ടപ്പാ.. ഒന്നാഞ്ഞു പിടിച്ചാ ഏത്തേണ്ടിടത് നടന്നെത്താം..
പത്തു മിനിറ്റെടുത്തു മെട്രോ സ്റ്റേഷനിൽ എത്താൻ. അച്ചാന്മാരുടെ ഭാഷയിൽ പറഞ്ഞാൽ എന്നാ തിരക്കാന്നെ.. കൊച്ചി മെട്രോ കാണാൻ എത്തുന്ന കൗതുക യാത്രക്കാരായിരുന്നില്ല അവിടെ. രാവും പകലും കൂടിമുട്ടിക്കാനുള്ള തിരക്കിൽ ഓടി നടക്കുന്നവർ.. ആർക്കും ദിവസവും കൂടെ യാത്ര ചെയ്യുന്നവരെ ഒന്ന് നോക്കാൻ പോലും കഴിയുന്നില്ല.. മുഖം കുനിച്ചവർ.. ജീവിതത്തിന്റെ കുരുക്കഴിക്കാൻ ട്രാഫിക്കിൽ കുരുങ്ങി കിടക്കുന്നവർ... ALT, CTRL, DEL കീകളിൽ ജീവിതം പടച്ചു കൊണ്ടു പോകുന്നവർ.. തിരക്കാണ്.. എല്ലാവർക്കും..
പ്ലാട്ഫോമിൽ എല്ലാവരും വരിയായി നിന്നിരുന്നു... ട്രെയിൻ വന്നതും അതേ പോലെ കയറി വാതിൽക്കൽ നിൽപ്പായി.. എന്നാലേ അടുത്ത കണക്ഷൻ സ്റ്റേഷൻ എത്തുമ്പോൾ ഓടി അടുത്ത ട്രെയിൻ പിടിക്കാൻ പറ്റൂ..ഓടി തേഞ്ഞ ചേരുപ്പുമായി ജീവിതത്തിന്റെ അവസാന സ്റ്റേഷനിൽ എത്തി നിൽക്കുമ്പോൾ.. തിരിഞ്ഞു നോക്കാൻ എന്തെങ്കിലും കാണുമോ ആവോ..
എംജി റോഡിലെ സ്റ്റേഷൻ എത്തിയപ്പോ ഞാനും ഇറങ്ങി.. ഇടം വലം നോക്കാണ്ട് ആഞ്ഞു പിടിച്ചു നടന്നു... ഓടിയെത്തണം പത്തരയ്ക്ക് മുന്നേ...

രേവൂട്ടി

Comments

Popular posts from this blog

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍  നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത്  എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍  അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

അമ്മ

ഈ സ്ത്രീയുടെ കാത്തിരിപ്പാണ് ഞാന്‍.. ആവരുടെ കയ്യിലെ ഉരുട്ടി പിടിച്ച  ചോറുരുളയാണ് എനിക്ക് സ്നേഹം.. അടുക്കളയിലെ കരിയും  പുകയുമാനവര്‍.. ബാല്യത്തിലെ താരട്ടിനെക്കള്‍ പരിചിതം അവരുടെ കാലടികളില്‍ ഒട്ടി താളം മറിയുന്ന തയ്യല്‍  മെഷീന്റെ കട കട ശബ്ദമാണ്. അവരുടെ വിയര്‍പ്പാണ് ഞാന്‍... ഈ സ്ത്രീ  എന്റെ അമ്മ.....