Skip to main content

ഓടുന്ന അമ്മമാർ


‌ഓർമയിൽ ഒരു ആറാം ക്ലാസ്കാരിയുണ്ട്. കുഞ്ഞു കുഞ്ഞു ഉത്തരവാദിത്തങ്ങൾ ഏല്പിച്ചു 'അമ്മ ആദ്യമായി ജോലിക്ക് പോയ  നാളുകളിൽ. അമ്മ രാവിലെ 8 മണിക്ക് പോകും. ആലങ്ങാട് ആയിരുന്നു ജോലി. കൃഷിഭവനിൽ. കാത്തിരുന്നു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കിട്ടിയ  ആറു മാസത്തെ ആശ്വാസം. ഞങ്ങൾക്കുള്ള ചോറും കറികളും പാത്രങ്ങളിൽ നിറച്ചു വച്ച് സാരിയും വലിച്ചു ചുറ്റി 'അമ്മ ഓടുന്ന ഒരു ഓട്ടമുണ്ട്. വൈകിട്ട് വരുമ്പോൾ ആറര മണി . അക്കാലത്താണ് ഞാൻ ചായ കൂട്ടാൻ പഠിച്ചത്. അതും കട്ടൻ ചായ. രാവിലത്തെ പലഹാരത്തിന്റെ ഒരു പങ്കു വച്ചിട്ടുണ്ടാകും വൈകിട്ടത്തെ വിശപ്പറ്റാൻ. അമ്മ വരുന്നത് വരെ അനിയത്തിയെ നോക്കണം. അവൾക്ക് കഴിക്കാൻ എടുത്ത കൊടുക്കണം സന്ധ്യ മുറ്റം അടിക്കണം.  ആറു മണിയാകുമ്പോൾ തെക്കേലെ അമ്മമ്മ വിളിക്കും മുറ്റമടിക്കുന്ന ശബ്ദം കേട്ടില്ലെങ്കില്. 'അമ്മ വരുമ്പഴേക്ക് വിളക്ക് വച്ച് നാമം ചൊല്ലിയിരിക്കണം. അതു കഴിഞ്ഞ് പഠിക്കാൻ തുടങ്ങണം. അമ്മയ്ക്ക് ഒരു കണ്ടീഷൻ മാത്രേ ഉണ്ടായിരിന്നുള്ളൂ. ഇതു വരെ 'അമ്മ കുത്തിയിരുന്നു പഠിപ്പിച്ചു. ഇനി മാർക്ക് മോശമാവരുത്. എന്തായാലും അതെനിക്ക് ഇഷ്ടായി.. അമ്മേടെ കുത്തിയിരുത്തി പഠിപ്പിക്കലിൽ നിന്ന് രക്ഷപെട്ടു. അങ്ങനെ കൊച്ചു കൊച്ചു ഉത്തരവാദിത്തങ്ങളിൽ നിന്ന് ഇന്നത്തെ ഞാൻ പിറവി കൊണ്ടു. അമ്മയുടെ ചിറകിനടിയിൽ നിന്ന് മാറി ഞാൻ തനിയെ ചിക്കിപ്പെറുക്കാൻ തുടങ്ങി. തനിയെ മാർക്കറ്റിൽ പോകാനും റേഷൻ കടയിൽ ക്യു നിന്നു സാധനങ്ങൾ വാങ്ങാനും പഠിച്ചു. (വാങ്ങി വെക്കുക മാത്രേ ഉള്ളൂ. ചുമന്നൊണ്ട് വരുന്നത് അമ്മയാണ്.. ഓട്ടോ കാശു ലഭിക്കാൻ). ഞാൻ തനിയെ നടക്കാൻ പഠിച്ചു. എസ്കോർട് വരുന്ന ചേട്ടന്മാരെ മൈൻഡ് ചെയ്യാതെ നേരെ നോക്കി നടക്കാൻ പഠിച്ചു.  പക്ഷേ പുരുഷ വിരോധിയായിട്ടല്ല വളർന്നത്. നല്ല മിടുക്കന്മാരായ ആമ്പിള്ളേർ ഉണ്ടായിരുന്നു കൂട്ട്. ഇന്നും ഡാ എന്ന് വിളിച്ചു കാര്യം പറയാവുന്ന നല്ല സുഹൃത്തുക്കൾ. നിന്നിലുള്ള എന്റെ വിശ്വാസം നീ എന്നു തകർക്കുന്നുവോ അന്നു നിന്റെ സ്വാതന്ത്ര്യവും അവസാനിക്കും എന്ന അമ്മയുടെ താക്കീത് ചെറുതായിട്ടൊന്നുമല്ല ടെന്ഷന് അടിപ്പിച്ചിട്ടുള്ളത്. അങ്ങിനെ പഠിച്ചു പഠിച്ചു പപ്പൻ പാസായത് ജീവിത്തിന്റെ ചില നല്ല പാഠങ്ങളാണ്.

‌എതോ ഒരു ദിവസം ടെസ്റ്റ് പേപ്പറിനോ മറ്റോ മാർക് കുറഞ്ഞതിനു ബെറ്റി മിസ് ക്ലാസ്സിനെ മൊത്തം വഴക്ക് പറയുവാരുന്നു.. പറഞ്ഞു പറഞ്ഞു മിസ് ആകെ സെന്റി ആയി..."നിങ്ങൾക്ക് പഠിക്കുക എന്നൊരു പണിയല്ലേ ഉള്ളൂ.. അതൊന്നു നേരാം വണ്ണം ചെയ്തൂടെ. ഉച്ചക്ക് കൊണ്ട് വരുന്ന ചോറു കൃത്യമായി എല്ലാരും കഴിക്കുന്നുണ്ടല്ലോ അല്ലെ.. അതു പോലെ മൂന്ന് നാല് പാത്രങ്ങൾ നിറച്ച് വെച്ചിട്ടാണ് ഞങ്ങളൊക്കെ ഇവിടെ വന്നു നിൽക്കുന്നത്. ഞങ്ങളെ വെറും കോമാളികൾ ആക്കരുത്.." ആ വഴക്കിന്റെ ഹാങ് ഓവറിൽ അടുത്ത ടെം എക്സാമിനു മുഴുവൻ മാർക് വാങ്ങിച്ചെങ്കിലും കണക്കും ചോറ്റുപാത്രങ്ങളും തമ്മിലുള്ള ഇക്വെഷൻ മാത്രം എനിക്കങ്ങോട്ട് ദഹിക്കുന്നുണ്ടായിരുന്നില്ല.

‌കോളേജിൽ പോകുമ്പോൾ വൈപ്പിൻ വരെ ബസ് പിന്നെ ബോട്ട് പിന്നെ തേവര വരെ ബസ് ഇതായിരുന്നു ചടങ്ങ്. ചെറായിന്നു സെന്റ്തോമസ് ബസിനു കേറും എട്ട് മണിക്ക്. സ്ഥിരം കുറ്റിയായിരുന്നത് കൊണ്ട് പൊതുവെ വിദ്യാർത്ഥികൾക്ക് നിഷിദ്ധമായിരുന്ന സീറ്റിൽ ഞാൻ അങ്ങിനെ ഗമയിലിരിക്കും.  ഒരു ദിവസം അങ്ങിനെ ഇരിക്കുന്ന സമയത്താണ് ഞാറക്കൽ നിന്നും ഒരു ചേച്ചി ഓടി കേറിയത്. കുളിച്ച മുടി ശരിക്ക് തോർത്തിട്ട് പോലുമില്ല....ഇറ്റ് വീഴുന്ന വെള്ളം ലൈനിങ് ഇല്ലാത്ത ആ ബ്ലൗസിൽ ചാലുകൾ തീർത്തു കൊണ്ടിരുന്നു..ഞാൻ എഴുന്നേറ്റതും ആ  ചേച്ചി ഇരുന്നതും ഒരുമിച്ചായിരുന്നു...ഇരുന്നതും ബാഗിനുള്ളിൽ തപ്പി ഒരു ക്ലിപ്പ് എടുത്തു എവിടുന്നൊക്കെയോ വലിച്ചു മുടിയിലൊന്നു കുത്തി. തുറന്ന ബാഗിൽ അശ്രദ്ധമായി കിടക്കുന്ന കുറെ വസ്തുക്കൾ. പഠിക്കുന്ന ബുക്ക് മേശപ്പുറത്തു വലിച്ചെറിഞ്ഞു ഇടുമ്പോൾ 'അമ്മ വഴക്ക് പറയും. ഈ ബാഗ് കണ്ടാൽ അമ്മ എന്ത്പറയുമോ ആവോ.. എനിക്ക്ചിരി വന്നു. സാരി ഒക്കെ ഒന്ന് നേരെ ഇട്ടെന് ശേഷം ആ ചേച്ചി എന്റെ ബാഗ് വാങ്ങി മടിയിൽ വച്ചു.പാവം അപ്പോഴും ഓടി വന്നെന്റെ കിതപ്പ് മാറീട്ടില്ല... ഇറങ്ങാൻ നേരം ബാഗ് തിരികെ വാങ്ങിയപ്പോ ആ ചേച്ചി പറഞ്ഞു.. താങ്ക്സ് കേട്ടോ മോളെ...

‌ഇന്ന് ഈ മഹാനഗരത്തിൽ ഞാനും ഓടുന്നു. നാലു പാത്രങ്ങളിൽ ചോറും കറികളും നിറച്ച്, ഒമ്പതെകാലിന്റെ ബസ് പിടിക്കാൻ.  പത്തരയ്ക്ക് മുന്നേ ഹാജർ വെക്കാൻ. കുളിച്ച മുടി നേരെ ചൊവ്വേ തോർത്താതെ, ചിലപ്പോ ഒരു കാക്കകുളിയിൽ കുളിച്ചെന്നു വരുത്തി, ബ്രേക്ഫാസ്റ്റ് സൂപ്പർ ഫാസ്റ്റായി കുത്തി കയറ്റി വിഴുങ്ങി ഞാനും ഓടുന്നു. ചില്ലറയ്ക്കു തപ്പുമ്പോള് ഒരു മാസത്തെ ടിക്കറ്റുകൾ തടയുന്ന ഒരു ബാഗിനുടമ... അമ്മ ഇല്ലാത്ത സമയം ഡേ കേറിൽ അനിയനെ പൊന്നു പോലെ നോക്കാൻ ആമിയെ പഠിപ്പിക്കുന്നു.. കറി കുറവാണെങ്കിൽ മൂന്നെണ്ണതിൽ വിളമ്പി ചട്ടി വടിക്കുന്ന അമ്മ...വൈകിട്ട് ആറരക്കു മുന്നേ കുരുന്നു മണികളെ നെഞ്ചോടു ചേർക്കാൻ മെട്രോ സ്റ്റേഷനിലെ എസ്കാലേറ്ററുകൾ ചാടി ഓടി ഇറങ്ങുന്ന അമ്മ. എല്ലാ അമ്മമാരും ഇങ്ങനെയാണ്.. ഓടികൊണ്ടേയിരിക്കും...

‌രേവൂട്ടി

Comments

Popular posts from this blog

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍  നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത്  എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍  അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

പ്രണയരേഖകൾ

നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ? അതിശക്തമായി.. എന്നാൽ,  വിടരാൻ വെമ്പുന്ന ഒരു മുല്ലമൊട്ടു പോലെ തരളമായി ... ആരെ എന്നാവും..പ്രണയത്തെ. നിങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ പ്രണയത്തെ  നിലാവിൻ്റെ നേരിയ വെളിച്ചത്തിൽ, ചൂണ്ടുകളിൽ അത്രമേൽ ആർദ്രമായ ഒരു പുഞ്ചിരി വിടർത്തി, പാതി വിടർന്ന നിശാഗന്ധി പൂക്കളുടെ ഗന്ധം ശ്വസിച്ച്, ഇമകളെ പരസ്പരം ചുംബിക്കാൻ അനുവദിച്ച്, പ്രണയത്തിൻ്റെ ആഴങ്ങളിൽ മുങ്ങി നിവർന്നിട്ടുണ്ടോ? എന്നിട്ട് പതിയെ ഉറക്കത്തിൻ്റെ ആഴങ്ങളിലേക്ക് വഴുതി വീഴണം. അവിടെ നിങ്ങൾ മാത്രം.. നിങ്ങളുടെ പ്രണയവും... ഉറക്കത്തിൻ്റെ അവസാന യാമങ്ങളിൽ മടിച്ചു മടിച്ചു ഉണരണം.  വേണ്ട, ഉണരേണ്ട,  ആ ചൂടേറ്റ് ഒട്ടിചേർന്ന് കിടന്ന് വീണ്ടും ഉറങ്ങാം... സ്വപ്നങ്ങൾ നിങ്ങൾക്ക് മെത്തകൾ നെയ്യട്ടെ.. രേവൂട്ടി