Skip to main content

പിറന്നാൾ

വർഷങ്ങൾക്ക് മുന്‍പുള്ള ഈ ദിവസം ഇന്നലെ എന്ന പോലെ ഓർക്കുന്നു.. ഞാനന്ന് പ്ളസ്- ടൂക്കാരിയാണ്... പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്.. പക്ഷേ, എത്ര പിടിച്ചിട്ടും മനസ്സ് നിൽക്കുന്നില്ല.. എൻട്രൻസ് എഴുതണ്ട എന്ന തീരുമാനത്തിനെതിരെ അമ്മ ശക്തമായി പ്രതിഷേധിച്ചു.. എനിക്കാണെങ്കിൽ ഇഷ്ടപ്പെട്ട കണക്ക് പോലും പിടി തരുന്നില്ല. എങ്ങനെയങ്കിലും ഡിഗ്രി കഴിഞ്ഞു ഒരു ജോലി, അത് മാത്രം ആണ് മനസ്സിൽ.. പലപ്പോഴും കുടുക്ക തോണ്ടി ചില്ലറ എടുത്തു വണ്ടിക്കാശ് തരുമ്പോൾ അച്ഛന്റെ മുഖത്ത് പോലും നോക്കാൻ കഴിഞ്ഞിരുന്നില്ല..പലപ്പോഴും രാവേറെ ചെന്നും അമ്മയുടെ തയ്യൽ മെഷീൻ മാത്രം ശബ്ദിച്ചു കൊണ്ടിരുന്നു.
  അന്ന് ബാങ്കിൽ നിന്ന് ആളു വന്നിരുന്നു എന്ന് മനസ്സിലായത്.. ഊരാൻ ബാക്കിയുള്ള അനിയത്തിയുടെ കാതിലെ കമ്മൽ ഒരു കഥാപാത്രമായപ്പോഴാണ്..
ഒത്തിരി വൈകിയാണ് അന്ന് ഉണ്ണാൻ വിളിച്ചത്.. വിശപ്പ് എന്ത് കൊണ്ടോ മറന്നു തുടങ്ങിയിരുന്നു.. ചോറും മീൻ കറിയും.. ഇന്നെന്ത് പറ്റി??  അല്ലെങ്കിൽ കുറേ നാളുകളായി കഞ്ഞിയാണ്..അനിയത്തിക്ക് മാത്രമേ ചോറുണ്ടാവൂ.. അവൾക്ക് കഞ്ഞി ഇഷ്ടമല്ല.
"കിട്ടുമ്പോ കഴിക്കെടീ.. നിന്ന് വില പറയാതെ " അമ്മയുടെ താക്കീത്.. അമ്മ കരയുന്നുണ്ട്..  പിന്നെ ഒന്നും മിണ്ടീല്ല.. പാത്രം വടിച്ച് ചോറുണ്ട് എണീറ്റു.. രാത്രിലെ പാത്രം കഴുകൽ എന്റെ ഡ്യൂട്ടിയാണ്.. അത് കഴിഞ്ഞു വരുമ്പോഴും അമ്മ കരയുന്നുണ്ട്.. അച്ഛൻ തലയ്ക്ക് കയ്യും കൊടുത്തു ഇരിപ്പുണ്ട്..
" ന്താമ്മെ"..
"നീ പോയി കെടന്നുറങ്ങ് "
കാര്യം പന്തിയല്ലെന്ന് കണ്ട് ഞാൻ ഉറങ്ങാൻ പോയി.. അന്ന് രാത്രി എന്തൊക്കയോ സ്വപ്നം കണ്ടു..
രാവിലെ സ്കൂളിൽ പോകാൻ നേരം അമ്മ പറഞ്ഞു.. ഇന്ന് അമ്പലത്തിൽ ഒന്ന് തൊഴുതിട്ട് പോ..
" ഇന്നെന്താ"
എന്റെ കൈ ചേര്‍ത്ത് പിടിച്ചു അമ്മ പറഞ്ഞു
"ഇത് നമ്മുടെ രണ്ടാം ജന്മം ആണ്... "
പിന്നീട് പറഞ്ഞ കഥയിൽ  തലേന്നത്തെ ചോറിന്റെ രഹസ്യം പുറത്തായി.. ഏതോ ഒരു നിമിഷാർദ്ധത്തിൽ ആ സ്ത്രീയ്ക്ക് എന്നിൽ തോന്നിയ ഒരു പ്രതീക്ഷ..    " നീ നന്നായി പഠിക്കണം.. അമ്മ ഇത് കളയുവാ.. "
തുറക്കാത്ത രണ്ട് വിഷക്കുപ്പികൾ... പുറകുവശത്തെ കണ്ടത്തിലേക്ക്..
തിരിഞ്ഞു നോക്കുമ്പോൾ എന്താണ് തോന്നുന്നതെന്നറിഞ്ഞൂടാ.... ഇതഴുതാൻ ആയുസ്സ് നീട്ടി തന്ന ആ മനസ്സ്... എന്തായാലും ഇന്ന് എന്റെ പിറന്നാളാണ്... രണ്ടാം ജന്മത്തിലെ പിറന്നാൾ...

രേവൂട്ടി

Comments

Popular posts from this blog

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍  നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത്  എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍  അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

അമ്മ

ഈ സ്ത്രീയുടെ കാത്തിരിപ്പാണ് ഞാന്‍.. ആവരുടെ കയ്യിലെ ഉരുട്ടി പിടിച്ച  ചോറുരുളയാണ് എനിക്ക് സ്നേഹം.. അടുക്കളയിലെ കരിയും  പുകയുമാനവര്‍.. ബാല്യത്തിലെ താരട്ടിനെക്കള്‍ പരിചിതം അവരുടെ കാലടികളില്‍ ഒട്ടി താളം മറിയുന്ന തയ്യല്‍  മെഷീന്റെ കട കട ശബ്ദമാണ്. അവരുടെ വിയര്‍പ്പാണ് ഞാന്‍... ഈ സ്ത്രീ  എന്റെ അമ്മ.....