Skip to main content

അമ്മ

പണ്ട് സ്കൂൾ കാലത്ത് പത്ത് മണി എന്നൊരു സമയമുണ്ടെങ്കിൽ ഞാൻ കിടന്നിരുന്നിരിക്കും. പരീക്ഷ കാലമായാൽ ഒരു പക്ഷേ പതിനൊന്ന് മണി..പരീക്ഷയുടെ തലേന്ന് ഇരുന്നു ഉറക്കമിളച്ച് പഠിക്കാൻ അമ്മ സമ്മതിക്കില്ല. അല്ലേലും പരീക്ഷ എഴുതുന്നത് ഞാനല്ലേ.. എന്റെ ഓര്‍മ്മശക്തിയെ പറ്റി അമ്മയ്ക്ക് എന്തറിയാം..ഉറക്കമിളച്ച് പഠിച്ചവർ പത്ത് മാർക്ക് കൂടുതൽ വാങ്ങിയാലും അമ്മ പറയും ഉറക്കം കളഞ്ഞു നീ കൊട്ടകണക്കിന് ഇവിടെ കൊണ്ട് വരണ്ടാന്ന്.. ശരിക്കും ദേഷ്യം വരും..ഞാൻ ചത്തു പോയാലും അടുത്ത ദിവസം നിനക്ക് പോയി പരീക്ഷ എഴുതാൻ പറ്റണം.. അതാണ് പുള്ളിക്കാരീടെ ഒരു ലൈൻ.. വല്ലാത്ത സാധനം തന്നെ.. ല്ലേ..
പറഞ്ഞു വരുന്നത് അതല്ല.. അന്നൊക്കെ രാത്രി അടുക്കള പണി കഴിഞ്ഞാൽ ഇപ്പുറത്ത് തയ്യൽ മെഷീൻ കടകടാ അടിച്ചു കൊണ്ടിരുന്നു.. ഫീസ് വല്ലോം കൊടുക്കേണ്ടതാണെങ്കിൽ പറയാനില്ല. ആ ശബ്ദം നേരം പുലരുവോളം കേൾക്കാം.  നേരം വെളുക്കുമ്പോൾ ഒരു പൊതി തരും. തയ്ചതു കൊണ്ട് പോയി കൊടുക്കാൻ.. മടി തോന്നിയിട്ടില്ല.. ഇന്നും ജീവിതത്തിലെ ഏറ്റവും വലിയ പാഠമാണത്.. അദ്ധ്വാനിച്ച് ഉണ്ടാക്കിയ പത്ത് രൂപയ്ക്ക് കടം മേടിക്കുന്ന നൂറു രൂപയേക്കാൾ വിലയുണ്ട് എന്ന പാഠം.
ആ കടകടാ ശബ്ദം ഞങ്ങളുടെ ജീവിതത്തിന്റെ തന്നെ ഒരു താളമായിരുന്നു. ഇന്നും...
അസാധ്യം എന്ന വാക്ക് എൻ്റെ നിഘണ്ടുവിൽ നിന്ന് മായ്ച്ചു കളഞ്ഞതും ആ സ്ത്രീ തന്നെ.. അസാധ്യം എന്നത് മടിയുടെ ലക്ഷണമത്രേ.
ഇന്നത്തെ എന്നിലേക്ക് ആ സ്ത്രീ നടന്നു തീര്‍ത്ത വഴിയുടെ ദൂരമുണ്ട്..  എൻ്റെ അലക്കി തേച്ച വസ്ത്രങ്ങൾക്ക് ആ സ്ത്രീയുടെ വിയർപ്പിൻറെ ഗന്ധമുണ്ട്..
എന്റെ വിശക്കാത്ത വയറിന് ആ സ്ത്രീയുടെ പച്ചവെള്ളം കുടിച്ചാറ്റിയ വിശപ്പിന്റെ നേരുണ്ട്.
അമ്മ.. രണ്ടക്ഷരത്തിലൊതുങ്ങുന്ന ഒരായുസ്സിന്റെ പുണ്യം..

രേവൂട്ടി..

Comments

Popular posts from this blog

എനിക്ക് നിന്നോട് പറയാനുള്ളത്

എനിക്ക് നിന്നോട് പറയാനുള്ളത് അതായിരുന്നില്ല ഞാന്‍  നിന്നോട് പറഞ്ഞത്. ഒരിക്കലും നിന്നോട് പറയരുതെന്നഗ്രഹിച്ചത്... അതായിരുന്നു ഞാന്‍ നിന്നോട് പറഞ്ഞത്.. നീയും ഞാനും എന്നത്  എന്റെയൊരു പാഴ്കിനാവയിരിക്കട്ടെ എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചത്‌.. എന്നെങ്കിലും നീ എന്റെതാകുമെങ്കില്‍  അന്ന് നമുക്കിടയില്‍ ബന്ധങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ഉണ്ടാകരുത്... അവിടെ... ഞാനും... നീയും.... മാത്രം.. അന്ന് നമുക്കിടയില്‍......വിടര്‍ന്നു നില്‍ക്കുന്നത്.. നമ്മുടെ നൊമ്പരത്തി പൂവ് മാത്രമായിരിക്കണം .....

ഒരു കുടയും കുട്ടിക്കാലവും

കുട്ടിക്കാലത്തു സ്‌കൂളിൽ പോകാൻ കാലൻ കുടയായിരുന്നു... മുമ്പിലും പിറകിലും സൈഡിലുമൊക്കെയായി നാലഞ്ചു പേർ കയറുന്ന കുഞ്ഞു കാലൻ കുട. പിന്നീട് കുടയുടെ കാലു മാറിയെങ്കിലും കേറുന്ന ആളിന്റെ  എണ്ണം കുറയ്ക്കാത്ത നീളമുള്ള കുട... പിന്നേം കുറച്ചു കഴിഞ്ഞപ്പോൾ മടക്കു കൂടി കുടയുടെ നീളം കുറഞ്ഞു.. ഒപ്പം നമ്മുടെ മനസ്സിന്റെ വലുപ്പവും... ബന്ധങ്ങളെ നാലാക്കി മടക്കി നമ്മൾ കുടയ്ക്കൊപ്പം പോക്കറ്റിലിട്ടു. രണ്ട് പേർ രണ്ട് കുടയിൽ നടന്നാലും നനയും.. കുടയില്ലാത്തവർ നടന്ന് പോകുമ്പോൾ നമ്മൾ പലപ്പോഴും ഒരു കുടയുടെ ഏകാന്തതയിൽ നനഞൊലിക്കുന്നുണ്ടാകും ...ഇന്ന്  ഈ വലിയ നഗരത്തിന്റെ മധ്യത്തിൽ ഞാനും മഴയും.... ചുറ്റും വിടർന്ന പലവർണ കുടകളും...കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയ്ക്ക് കണ്ണീരിന്റെ ഉപ്പുരസം.. ഓടിപ്പോകാൻ തോന്നുന്നു ആ പഴയ കാലത്തേക്ക്.. കുടയോളം വലുപ്പമുള്ള മനസ്സിന്റെയും മഴയോളം കുളിര്മയുള്ള സൗഹൃദങ്ങളുടെയും ലോകത്തേക്ക്... രേവൂട്ടി

അമ്മ

ഈ സ്ത്രീയുടെ കാത്തിരിപ്പാണ് ഞാന്‍.. ആവരുടെ കയ്യിലെ ഉരുട്ടി പിടിച്ച  ചോറുരുളയാണ് എനിക്ക് സ്നേഹം.. അടുക്കളയിലെ കരിയും  പുകയുമാനവര്‍.. ബാല്യത്തിലെ താരട്ടിനെക്കള്‍ പരിചിതം അവരുടെ കാലടികളില്‍ ഒട്ടി താളം മറിയുന്ന തയ്യല്‍  മെഷീന്റെ കട കട ശബ്ദമാണ്. അവരുടെ വിയര്‍പ്പാണ് ഞാന്‍... ഈ സ്ത്രീ  എന്റെ അമ്മ.....